കാസര്‍കോട്: 'മാനവിതകയെ ഉണര്‍ത്തുന്നു' എന്ന പ്രമേയവുമായി കേരളത്തിലെ വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രക്ക് ഏപ്രില്‍ 12ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കാസര്‍ഗോഡ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറുന്നതോടെയാണ് യാത്ര ഔപചാരികമായി ആരംഭിക്കുക.
ഉദ്ഘാടന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഫാദര്‍ വിന്‍സന്റ് ഡിസൂസ പ്രസംഗിക്കും.
ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ സ്വീകരണ സമ്മേളനങ്ങളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ), കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. വെളുത്തമ്പു, കെ.പി സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മടിക്കൈ കമ്മാരന്‍, പി കോരന്‍ മാസ്റ്റര്‍, അസീസ് കടപ്പുറം, ഖാദര്‍ മാങ്ങാട്, പി.എ അശ്രഫലി, അഡ്വ. ഗംഗാധരന്‍ നായര്‍, സി.എച്ച് കുഞ്ഞമ്പു, അഡ്വ. വി.പി.പി മുസ്ഥഫ, എ.ജി.സി ബഷീര്‍, പി ഫൈസല്‍, അഡ്വ. ശ്രീകാന്ത്, ഇ.കെ.കെ പടന്നക്കാട്, അഡ്വ. പുരുഷോത്തമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
പതിനേഴ്് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര സംസ്ഥാനത്തെ എഴുന്നൂറിലധികം പഞ്ചായത്തിലൂടെ കടന്നു പോകും. അറുപത് കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 28ന് വൈകു. 4 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് യാത്ര സമാപിക്കുക. കേരളത്തിലെ സുന്നി സംഘടനകളുടെ സംഘശക്തി വിളിച്ചോതുന്ന സ്വീകരണ ചടങ്ങുകളില്‍ സംസ്ഥാനത്തൊട്ടാകെയായി ഇരുപത്തഞ്ച് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കേരളയാത്ര കടന്നുപോകാത്ത പഞ്ചായത്തുകളില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഉപയാത്രകള്‍ നടന്നു കഴിഞ്ഞു. യാത്രയോടനുഭാവം പ്രകടിപ്പിച്ച് കര്‍ണാക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനൊന്നിന് വൈകു. അഞ്ചുമണിക്ക് മംഗലാപുരത്ത് ഐക്യദാര്‍ഢ്യ സമ്മേളനവും ഏപ്രില്‍ 15ന് നീലഗിരിയില്‍ സ്‌നേഹയാത്രയും നടക്കും.
യാത്രയുടെ സന്ദേശവും പ്രമേയവും വിശദീകരിക്കുന്ന മഹല്ലു സമ്മേളനങ്ങള്‍ അയ്യായിരം ഗ്രാമങ്ങളില്‍ നടന്നു. മാനവിക സദസ്സ്, അയല്‍പക്ക സംഗമം, റോഡ് മാര്‍ച്ച് എന്നിവ ഉള്‍നാടുകളിലും മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും യാത്രയുടെ സന്ദേശം എത്തിച്ചിട്ടുണ്ട്. 2011 നവംബര്‍ രണ്ടിന് കുറ്റിപ്പുറത്ത് നടന്ന കേരളയാത്രാ പ്രഖ്യാപന സമ്മേളനത്തിന് ശേഷം വിപുലവും സംഘടിതവും ശാസ്ത്രീയവുമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്.
വികസന സൂചികകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോടല്ല മറിച്ച് ഒന്നാം ലോക രാജ്യങ്ങളിലെ വികസിത സമൂങ്ങളോടാണ് കേരളത്തെ താരതമ്യപ്പെടുത്താറ്. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, രാഷ്ട്രീയ ബോധം എന്നിവയുടെ കാര്യത്തില്‍ മലയാളി സമൂഹം നേടിയ മുന്നേറ്റങ്ങള്‍ സാമൂഹിക ചരിത്രകാരന്മാരെ അതിശയം കൊള്ളിച്ചിട്ടുണ്ട്.
കേരളത്തിനകത്ത് എന്ന പോലെ കേരളത്തിന് പുറംലോകവുമായുണ്ടായ ആശയ വിനിമയങ്ങളുടെയും കച്ചവടത്തിന്റെയും ദീര്‍ഘകാല ചരിത്രം ഇതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പടിഞ്ഞാറെ കടലിലേക്ക് തുറന്നു നില്‍ക്കുന്ന കേരളത്തിന്റെ ഭൂമിശാസ്ത്രം മലയാളത്തിന്റെ തുറന്ന മനസ്സിനെ കൂടിയാണ് പ്രതീക വത്കരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും കൊളോണിയല്‍ വിരുദ്ധ ദേശീയ സമരങ്ങളും ഈ തുറവിയെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, സമീപകാലത്തെ മലയാളിയുടെ അനുഭവങ്ങളെ വിലയിരുത്തുമ്പോള്‍ ഒട്ടും ശുഭകരമായ ഒരു ചിത്രമല്ല ഉരുത്തിരിഞ്ഞു വരുന്നത്.
വൃത്തിയുടെ കാര്യത്തില്‍ കണിശത പുലര്‍ത്തിയ കേരളത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്‌കരണം പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ആരോഗ്യ രംഗത്ത് കേരളം പുലര്‍ത്തിപ്പോന്നിരുന്ന ശ്രദ്ധയും പരിചരണവും ഇന്നു കാണാനില്ല. രോഗികളുടെ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്.
സംഘടിത കുറ്റ കൃത്യങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തിലുള്ള അച്ചടക്കമില്ലായ്മയും ആദിവാസികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മുന്‍പത്തേക്കാളുമേറെ വര്‍ദ്ധിച്ചിരിക്കുന്നു. മദ്യപാനത്തിന്റെ തോത് നാള്‍ക്കുനാള്‍ കൂടി വരികയാണ്. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. നാട്ടിന്‍ പുറങ്ങളില്‍ പോലും പരസ്പര ശത്രുതയും സംശയവുമാണ്. ജാതീയവും മതപരവുമായ സ്പര്‍ദ്ധകള്‍ അങ്ങിങ്ങ് തലപൊക്കിയിരിക്കുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങളെ മതസംഘര്‍ഷങ്ങളും അതുവഴി വര്‍ഗീയ സംഘട്ടനങ്ങളുമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. നമ്മുടേത് പോലുള്ള മതാത്മക സമൂഹങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് മത സംഘര്‍ഷങ്ങള്‍. പരസ്പരം സഹകരണത്തോടെയും വിശ്വാസത്തോടെയും ജീവിച്ചുവന്ന ജൈവീകമായ സാമൂഹിക വ്യവസ്ഥയെ അത് തകര്‍ക്കും.
ദരിദ്രരെ കൂടുതല്‍ ചൂഷണം ചെയ്യാനും സാമൂഹിക അവസരങ്ങള്‍ തുല്യമായി ലഭ്യമാക്കാതിരിക്കാനും സഹായിക്കും വിധത്തിലുള്ള സാമ്പത്തിക നയനിലപാടുകള്‍ക്കാണ് ഇന്ന് സമൂഹത്തില്‍ മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യരേഖാ മാനദണ്ഡം മാറ്റി ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമാകും.
ഈ പശ്ചാത്തലത്തിലാണ് മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയേവുമായി കേരളയാത്ര സംഘടിപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവര്‍ക്കുകൂടി ഭാഗവാക്കായ കേരളീയ പൊതു സമൂഹത്തോട് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം എന്ന നിലയിലാണ് കേരളത്തിലെ സുന്നി സംഘടനകള്‍ ഈ യാത്രയെ കാണുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും.